Loading...

Loading

Loading
(You are in the browser Reader mode)

അന്ത്യത്തിൽ ദൈവസ്നേഹം വിജയിക്കുന്നു

വീണ്ടെടുപ്പിൻ ചരിത്രം എന്ന ഈ ഗ്രന്ഥം അനുഗൃഹീത എഴുത്തുകാരിയായ എലൻ ജി. വൈറ്റിനാൽ ഈ കാലത്തേക്കു മാത്രമായി എഴുതപ്പെട്ടിട്ടുള്ളതാണ്. ഈ നൂറ്റാണ്ടിൽത്തന്നെ അനേക ലോകസംഭവങ്ങൾ ചക്രവാളത്തിൽ ചോദ്യച്ചിഹ്നങ്ങളായി നിലകൊള്ളുന്നു. യാതനയിലാണ്ടിരിക്കുന്ന മനുഷ്യവർഗ്ഗമായ നാം നിരാശയ്ക്കും കഷ്ടപ്പാടുകൾക്കും മാത്രമായി ജീവിക്കുകയാണോ? അതോ, നാളെയെക്കുറിച്ചുള്ള ദർശനം നന്മയിലേക്കു വിരൽ ചൂണ്ടുന്നതാണോ? വീച 3.1

രാഷ്ട്രീയ നേതാക്കളും ശാസ്ത്രജ്ഞന്മാരും പ്രത്യാശയുടെ വാക്കുകൾ പറയുന്നു. തത്വചിന്തകരും മതനേതാക്കന്മാരും മറ്റൊരു തരത്തിൽ ഉപദേശിക്കുന്നു. എന്നാൽ പ്രത്യാശയും ഉറപ്പും എവിടെയാണുള്ളത്? വീച 3.2

ലോകഗതികളുടെമേൽ ദൈവം വാഴുന്നു എന്നു മനസ്സിലാക്കുന്നവർ തീർച്ചയായും പോംവഴി കണ്ടെത്തുന്നു. ഈ പുസ്തകം വായിക്കുന്നവർ ആ ശുഭാപ്തി വിശ്വാസം ദർശിക്കും. അന്ധകാരത്തിന്‍റെ ദുഷ്ടാത്മശക്തി മാനവകുലത്തോടു പോരാടിക്കൊണ്ടിരിക്കുന്ന ശക്തിമത്തായ രംഗങ്ങൾ ഇതിൽ നിന്നു വെളിപ്പെട്ടു വരും. മനുഷ്യ മനസ്സിനേയും അവന്‍റെ ഭാവി ഭാഗധേയത്തേയും നിയന്ത്രിക്കുന്നതിനുള്ള സാത്താന്‍റെ പരിശ്രമം സത്യവേദപുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ഇതിൽ ആദ്യാവസാനം വിവരിച്ചിരിക്കുന്നു. മനുഷ്യന്‍റെ സൃഷ്ടിപ്പിൻ ചരിത്രം, പാപത്തിലുള്ള അവന്‍റെ പതനം, അവന്‍റെ മേലുള്ള സാത്താന്യ ആധിപത്യം, ഘോരപോരാട്ടങ്ങൾ, ലോകയുദ്ധങ്ങൾ, സാർവത്രികമായ കഷ്ടത എന്നിവയെല്ലാം ഇതിൽ വരച്ചുകാട്ടിയിരിക്കുന്നു. ക്രിസ്തുവിന്‍റെ ക്രൂശില്‍കൂടെ മനുഷ്യവര്‍ഗത്തിനു ലഭ്യമായിരിക്കുന്ന വീണ്ടെടുപ്പാണ്‌ ഇതിന്‍റെ ഹൃദയഭാഗം. വീച 3.3

ഇതൊരു യഥാർത്ഥ യുദ്ധത്തിന്‍റെ കഥയാണ്. ദൈവവും സാത്താനും മനുഷ്യരും ഇതിൽ പങ്കെടുക്കുന്നു. യേശുക്രിസ്തു രാജാധിരാജാവായി വീണ്ടും വരുമ്പോൾ അവനെ അനുഗമിച്ചിരിക്കുന്നവർക്കു ലഭ്യമാകുന്ന വീണ്ടെടുപ്പോടും പിന്നീട് ദുഷ്ടതയെ അഗ്നിയിൽ എരിക്കുന്നതോടുംകൂടെ ആ യുദ്ധം അവസാനിക്കുന്നു. വീച 3.4

സമയം വിലയേറിയതാണ്. സമയം അവസാനിച്ചുകൊണ്ടിരിക്കുന്നു. നിത്യത നമെ മാടിവിളിക്കുന്നു. ഭാവി ശോഭനമായതാണെന്നു ഈ ഗ്രന്ഥം വായിക്കുന്നവർ ഗ്രഹിക്കും. ദൈവവും നീതിയുടെ ശക്തികളും അന്തിമമായി വിജയിക്കും. വീച 3.5

പ്രസാധകർ